മോഷണത്തിനിടെ വീട്ടുകാരെത്തി; ഓടുമ്പോള്‍ ഫോണ്‍ വീണു: കോഴിക്കടയില്‍ കുടുക്കി പൊലീസ്

0

കൊല്ലം∙ നിലമേലിൽ ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. മോഷണം നടത്തുന്നതിനിടെ വീടിന്റെ ഉടമസ്ഥർ കയറിവന്നതോടെ പ്രതികൾ ഇവിടെ നിന്നു രക്ഷപ്പെട്ടു. ഇതിനിടെ പ്രതികളിൽ ഒരാളുടെ ഫോൺ നഷ്ടമായി. ഫോൺ ലഭിച്ച പൊലീസ് തന്ത്രപരമായി പ്രതികളെ പിടികൂടുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നൂറിലധികം മോഷണം നടത്തിയ രണ്ടുപേരാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്.നിലമേൽ കണ്ണംകോടുളള വീട്ടിലായിരുന്നു പ്രതികളുടെ മോഷണം. ആളില്ലെന്ന് മനസിലാക്കി വീട്ടില്‍ മോഷണത്തിന് കയറിയതാണ്. പക്ഷേ, സ്വർണാഭരണങ്ങൾ എടുക്കുന്നതിനിടെ വീട്ടുകാര്‍ കയറിവന്നു. സ്വർണവുമായി വീട്ടിൽ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ താഴെ വീണു. ഇതാണ് പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴിക്കച്ചവടക്കാരനായ ബംഗാൾ സ്വദേശിയെ കൊണ്ട് രാജേഷിനെ വിളിപ്പിച്ചു. അങ്ങനെ ഫോണ്‍ വാങ്ങാന്‍ രാജേഷിനെ കോഴിക്കടയിലേക്ക് വിളിച്ചുവരുത്തി. കോഴിക്കടയിൽ കച്ചവടക്കാരായി നിന്നത് പൊലീസ് ആയിരുന്നു. ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നൂറിലധികം മോഷണക്കേസുകളില്‍ തുമ്പായി.

ആശാരി പണിക്കാരനായതിനാൽ രാജേഷ് നിമിഷനേരംകൊണ്ട് വാതിൽ പൊളിക്കുമായിരുന്നു. മോഷണമുതലുകള്‍ വില്‍ക്കുന്നയാളായിരുന്നു സുഭാഷ്. പത്തുവര്‍ഷത്തിലേറെയായി ഇരുവരും മോഷണം നടത്തിയിട്ടും ആദ്യമായാണ് പൊലീസ് പിടികൂടുന്നത്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണം ആർഭാട ജീവിതത്തിനാണ് ചെലവഴിച്ചിരുന്നത്.

Leave A Reply

Your email address will not be published.