ഭാര്യയുടേയും മക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

0

ആന്ധ്രപ്രദേശില്‍ നാലംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശാന്തി നഗര്‍റിലാണ് സംഭവം. രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെയാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മാസം മുമ്പാണ് ലോണ്‍ ആപ്പ് സംഘത്തില്‍ നിന്ന് ഇവര്‍ മുപ്പതിനായിരം രൂപ വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ തുക പലിശയടക്കം വീണ്ടും ഉയര്‍ന്നു. തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ ലോണ്‍ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടേയും മക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു.

വീട്ടമ്മയുടെയും കുട്ടികളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴിയാണ് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം, രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയമവിധേയമായല്ലാതെ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ തടയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി, ആപ്പ് സ്റ്റോറുകളില്‍ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാന്‍ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.