മുന്നൂറിൽപ്പരം സ്ത്രീകളെ പീഡിപ്പിച്ച അശ്‌ളീല സിനിമ സംവിധായകനെതിരെ പരാതിയുമായി യുവതി

0

ചെന്നൈ: സിനിമയിൽ അഭിനയിക്കാൻ മോഹമുള്ള യുവതികളെ കെണിയിൽ പെടുത്തി നീലചിത്രം നിർമ്മിച്ച സംവിധായകനും സഹായിയും പിടിയിൽ.സിനിമാ സംവിധായകൻ എന്ന് അവകാശപ്പെടുന്ന സേലം എടപ്പാടി സ്വദേശി വേൽസത്തിരൻ, സഹസംവിധായിക വിരുദനഗർ രാജാപാളയം സ്വദേശി ജയജ്യോതി എന്നിവരാണ് പിടിയിലായത്.മുന്നൂറിൽ അധികം യുവതികളാണ് അതിക്രമത്തിന് ഇരയായത്. ഇവരുടെയെല്ലാം അശ്ലീല വീഡിയോയും ചിത്രങ്ങളും സംവിധായകൻ പകർത്തിയിരുന്നു.

സൂരമംഗലത്തെ എസ്ബിഐ ഓഫീസേഴ്സ് കോളനിയിലാണ് വേൽസത്തിരന്റെ ‘ഗ്ലോബൽ ക്രിയേഷൻസ്’ എന്ന പേരിലുള്ള സിനിമാ കമ്പനി പ്രവർത്തിച്ചിരുന്നത്. ‘നോ’ എന്ന പേരിൽ താൻ സിനിമ നിർമ്മിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ ഇയാൾ ഓഡിഷനായി ക്ഷണിച്ചിരുന്നത്.ഓഡിഷനെത്തുന്ന യുവതികളെക്കൊണ്ട് സംവിധായകനുമായി അടുത്തിടപഴകുന്ന സീനുകളിൽ അഭിനയിപ്പിക്കും. കൂടാതെ അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കാനും ആവശ്യപ്പെടും. ദേശീയ പുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമ ആയതിനാൽ അശ്ലീല ദൃശ്യങ്ങളിൽ അഭിനയിക്കേണ്ടിവരുമെന്ന് ഇരകളെ വിശ്വസിപ്പിക്കുകയും പിന്നീട് ഓഡിഷനിടെ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നതുമായിരുന്നു സംഘത്തിന്റെ രീതി.

എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയായ ജയജ്യോതി സേലത്തെ ലോ കോളേജിൽ നിയമപഠനത്തിനായി കഴിഞ്ഞ ഫെബ്രുവരിയിലാണ്  നഗരത്തിൽ എത്തുന്നത്. പിന്നീട് വേൽസത്തിരൻ ജയജ്യോതിയെ ഒപ്പം കൂട്ടുകയായിരുന്നു.ഓഡിഷനെത്തുന്ന യുവതികളെ അശ്ലീല രംഗങ്ങളിൽ അഭിനയിക്കാൻ പഠിപ്പിക്കലായിരുന്നു സഹസംവിധായിക ജയജ്യോതിയുടെ ജോലി. യുവതികളെ അഭിനയിക്കാൻ പ്രേരിപ്പിച്ചതും പിന്നീട് ഭീഷണിപ്പെടുത്തിയതും ജയജ്യോതിയായിരുന്നു.

ആദ്യം പരാതി നൽകിയ യുവതി സിനിമാ മോഹവുമായി സംഘത്തെ സമീപിച്ചു. എന്നാൽ മുപ്പതിനായിരം രൂപ നൽകിയാൽ അഭിനയിപ്പിക്കാം എന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. പണം കൊടുക്കാൻ വിസമ്മതിച്ചതോടെ ഓഫീസ് ജോലി വാഗ്ദാനം ചെയ്തു. ജോലിയിൽ പ്രവേശിച്ച യുവതി മൂന്ന് മാസത്തോളം സംഘത്തിനൊപ്പം പ്രവർത്തിച്ചു. ഇതിനിടെ അശ്ലീല രംഗങ്ങളിൽ യുവതിയെക്കൊണ്ട് അഭിനയിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റേത് അടക്കം മുന്നൂറോളം പേരുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി കണ്ടെത്തുന്നത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.അതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സേലം സൂരമംഗലം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.നിലവിൽ സംഘത്തിനെതിരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവരിൽ നിന്നും മൊഴിയെടുത്തു വരികയാണ്.

 

Leave A Reply

Your email address will not be published.