ഖത്തറിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

0

ദോഹ : ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നടപടിയുമായി ഖത്തര്‍ ഭരണകൂടം. കുട്ടി പഠിച്ചിരുന്ന ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.ഖത്തർ വിദ്യാഭ്യാസമന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി കഴിഞ്ഞ ദിവസം  മിൻസയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മിൻസയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്‌പ്രിംഗ്‌ഫീൽഡ് കിന്റർഗാർട്ടനിലെ അൽ വക്രയിലെ കെജി 1 വിദ്യാർത്ഥിനിയായ മിൻസ മറിയം ജേക്കബ് രാവിലെ സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും കുടുംബവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു. അകത്ത് കുട്ടിയുടെ സാന്നിധ്യം ആരും അറിയാതെ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിർത്തിയത്.രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.