ട്വന്റി 20 ലോക കപ്പിൽ ഇന്ത്യയുടെ പുതിയ ജേഴ്‌സി ഒരുങ്ങുന്നു

0

2022ലെ ടി20 ലോകകപ്പിൽ  ഇന്ത്യൻ ടീം  പുതിയ ജേഴ്‌സി അണിയും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഷോപീസ് ഇവന്റില്‍ പുതിയ ജേഴ്സി അടങ്ങുന്ന കിറ്റ് പുറത്തിറക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജേഴ്‌സി പുറത്തിറക്കുന്നതിന്റെ സൂചനകൾ ബിസിസിഐ നൽകിയത്.

2022ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിങ്കളാഴ്ചയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിനിടെ വലത് കാല്‍മുട്ടിന് പരിക്കേറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം ടീമിന് വലിയ നഷ്ടമാകും. ജഡേജയ്ക്ക് പകരക്കാരനായി ഇടം കൈയന്‍ സ്പിന്നറായി അക്‌സര്‍ പട്ടേല്‍ കളത്തിലിറങ്ങും.

രോഹിത്, ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറായ MPL-ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ആരാധകരായ നിങ്ങളാണ് ഞങ്ങളെ ക്രിക്കറ്റ് താരങ്ങളാക്കുന്നതെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് വീഡിയോയില്‍ പറഞ്ഞത്. ” നിങ്ങളുടെ പ്രോത്സാഹനമില്ലാതെ കളിയില്ല, ” അയ്യര്‍ പറഞ്ഞു. ” ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടീം ഇന്ത്യയുടെ പുതിയ ജഴ്‌സിയുടെ ഭാഗമാകൂ, ” ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്.

Leave A Reply

Your email address will not be published.