ദളിത് സഹോദരിമാരെ പീഡിപ്പിച്ചു കൊന്നതിനുശേഷം മരത്തിൽ കെട്ടിത്തൂക്കി

0

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ  ലഖിംപൂർ ഖേരി ജില്ലയിലെ നിഘസൻ പ്രദേശത്ത് ബുധനാഴ്ച പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരുടെ മൃതദേഹം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നുവെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.

എല്ലാ പ്രതികളും പിടിയിലായെന്ന് പോലീസ്. പെൺകുട്ടികളുടെ അയൽവാസി ഛോട്ടു, ലാൽപൂർ സ്വദേശികളായ ജുനൈദ്, സൊഹൈൽ, ഹഫീസുൾ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് പിടിയിലായത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കാലിന് വെടിവെച്ചാണ് ജുനൈദിനെ കീഴ്‍പ്പെടുത്തിയത്. ലഖിംപുർ ഖേരി ജില്ലയിലെ നിഗാസൻ ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും മൃതദേഹങ്ങളുമായി നിഘാസൻ റോഡ് ഉപരോധിച്ചിരുന്നു.   “മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ യുപി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറുകയാണ്, ഭരണകൂടത്തിന്റെയും പോലീസിന്റെയും കാതടപ്പിക്കുന്ന മൗനം കാടത്ത ഭരണത്തിനെതിരെ പോരാടാൻ ആളുകളെ റോഡിലിറക്കാൻ നിർബന്ധിതരാക്കി” തൃണമൂൽ കോൺഗ്രസ് ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രംഗത്ത് വന്നു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നത് എന്തുകൊണ്ടാണെന്നും, ഉത്തർപ്രദേശ് സർക്കാർ എപ്പോൾ ഉണരുമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

14, 17 എന്നിങ്ങനെ പ്രായമുള്ള രണ്ടു പെൺകുട്ടികളും പ്രതികൾക്കൊപ്പം ബൈക്കിൽ പോയതാണെന്നും പ്രതികളായ ആറു പേരും പെൺകുട്ടികളുടെ സുഹൃത്തുക്കളായിരുന്നുവെന്നും പോലീസ് അറിയിച്ചു.പെൺകുട്ടികളെ വശീകരിച്ച് ഫാമിൽ എത്തിച്ച ശേഷം സൊഹൈൽ, ജുനൈദ് എന്നിവർ ചേർന്ന്
ബലാത്സംഗത്തിന് ഇരയാക്കി. വിവാഹം ചെയ്യാൻ പെൺകുട്ടികൾ നിർബന്ധിച്ചതോടെ ഹഫീസുൽ, ജുനൈദ് എന്നിവർ ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കരീമുദ്ദീൻ, ആരിഫ് എന്നിവരെ സഹായത്തിനായി വിളിച്ചു പെൺകുട്ടികളെ കെട്ടിത്തൂക്കി തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. പെൺകുട്ടികളുടെ അയൽവാസിയായ ഛോട്ടുവാണ് അഞ്ചംഗ സംഘത്തിന് ഇവരെ പരിചയപ്പെടുത്തിയതെന്നുവെന്നും പോലീസ് വിശദമാക്കി.
സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇരകൾക്ക് നീതി ലഭിക്കുമെന്നും ഫാസ്റ്റ് ട്രാക് കോടതിയാകും കേസ് പരിഗണിക്കുകയെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു.
Leave A Reply

Your email address will not be published.