പാർട്ടികൾക്കും കല്യാണത്തിനും മാത്രമായി കിങ്ങിണി എന്ന വാറ്റ്,കെ എസ് ഇ ബി കാഷ്യർ ഒളിവിൽ

0

തൃശൂർ: വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തുന്നു എന്ന വിവരം ലഭിച്ചു റെയ്‌ഡിന്‌ എത്തിയ എക്‌സൈസ് സംഘം 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും  പിടികൂടി. മേലൂർ കെ എസ് ഇ ബി അസിസ്റ്റന്റ് കാഷ്യർ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നുമാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും ചേർന്ന് പിടിച്ചെടുത്തത്.

സുകുമാരന്റെ ഇരുനില വീട് കണ്ട്  അമ്പരന്ന എക്‌സൈസ് സംഘം വീട്ടുടമസ്ഥൻ കെഎസ്ഇബി ജീവനക്കാരൻ ആണെന്നും ഭാര്യ സ്കൂൾ അധ്യാപിക ആണെന്നും കൂടി അറിഞ്ഞപ്പോൾ പരാതി വ്യാജമാണോ എന്ന തോന്നലുണ്ടായി.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മുൻപ് ചാരായം വാറ്റുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ വീട്ടില്‍ കയറി പരിശോധിക്കുകയായിരുന്നു.

വിശേഷപാർട്ടികൾക്കും കല്യാണത്തിനും മാത്രം ഓർഡർ എടുത്തു ചാരായം വാറ്റി എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റർ ചാരയത്തിന് 1000 രൂപ ഈടാക്കി ആണ് വിൽപന നടത്തിയിരുന്നത്. ‘കിങ്ങിണി’ എന്ന വിളിപ്പേരിലാണ് സുകുമാരന്റെ ചാരായം അറിയപ്പെട്ടിരുന്നത്. പഴങ്ങളും ധന്യങ്ങളും അധികമായി ചേർത്താണ് ഇയാൾ സ്പെഷ്യൽ ചാരായം ഉണ്ടാക്കിയിരുന്നത്.

എക്സൈസ് സംഘം റെയ്ഡിനെത്തിയ സമയത്ത് സുകുമാരൻ ജോലി സ്ഥലത്ത് ആയിരുന്നു. എക്‌സൈസ് വീട്ടിൽ കയറിയതറിഞ്ഞ് സുകുമാരൻ ജോലി സ്ഥലത്തു നിന്നും വയറുവേദന എന്ന് പറഞ്ഞു മുങ്ങിയതിനാൽ സുകുമാരനെ പിടികൂടാൻ സാധിച്ചില്ല. അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

 

Leave A Reply

Your email address will not be published.