ടി20 പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

0

തിരുവനന്തപുരം : ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസമാണ് മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക ഉദ്ഘാടനം ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരവും മുൻ രാജ്യസഭ എംപയുമായ സുരേഷ് ഗോപി നിർവഹിച്ചത്.  കാര്യവട്ടത്ത് നടക്കാൻ പോകുന്ന നാലാമത്തെ അന്തരാഷ്ട്ര മത്സരമാണ് സെപ്റ്റംബർ 28ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി 20 മത്സരം. ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്.

മൂന്ന് ടയർ നിരക്കിലാണ് ടിക്കറ്റുകളുടെ വിൽപന. 1500 രൂപയാണ് ഏറ്റവും നിരക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക്. 2750 രൂപയ്ക്ക് പവലിയൻ ടിക്കറ്റും. 6000 രൂപയ്ക്ക് കെസിഎയുടെ ഗ്രാൻഡ് സ്റ്റാൻഡ് (ഭക്ഷണം അടക്കമാണ്) എന്നിങ്ങിനെയാണ് ടിക്കറ്റുകളുടെ വില. കൂടാതെ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം.

ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്.ആവശ്യക്കാര്‍ക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാവുന്നതാണെന്ന് കെസിഎ അറിയിച്ചിരുന്നു.ഇന്ത്യ ദക്ഷിണാഫ്രിക്കാ ടീമുകൾ  26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തുമെന്ന് കെസിഎ അറിയിച്ചു.

Leave A Reply

Your email address will not be published.