പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ,പലയിടത്തും അക്രമത്തിലേക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഹർത്താലിനിടെ വാഹനങ്ങൾക്ക് നേരെ കല്ലേറ്. തിരുവനന്തപുരം, പന്തളം, ആലപ്പുഴ, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കല്ലേറുണ്ടായതിനെ തുടർന്ന് കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആ‍ർടിസി സർവീസുകൾ നിർത്തിവെച്ചു.കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു. ഇവരുമായി പോലീസ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗത തടസ്സമില്ലാതെയുള്ള ഹർത്താൽ നടത്തണമെന്ന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. വൻ പോലീസ് സന്നാഹമാണ് ഇവിടുള്ളത്.

എറണാകുളത്ത് മൂന്നിടത്ത് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആലുവ ഗ്യാരേജ്, പകലോമറ്റം, പെരുമ്പാവൂർ മാറമ്പിള്ളി എന്നിവിടങ്ങളിലാണ് സംഭവം. ആലുവയിൽ നിന്നും പെരുമ്പാവൂരിലേക്ക് പോയ ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു.തിരുവനന്തപുരം പൂന്തുറ സ്റ്റേഷൻ പരിധിയിൽ അക്രമികൾ  കല്ലെറിഞ്ഞതിൽ കരിമ്പുവിള – കുമരിച്ചന്ത റോഡ് ഭാഗത്ത് കോവളം സ്വദേശി ജയകുമാർ ഓടിച്ചിരുന്ന    ഓട്ടോറിക്ഷയുടെ ഗ്ലാസ്  പൊട്ടി.

ആവശ്യ സർവീസുകൾ മാത്രമാണ് ഹർത്താലിൽനിന്ന് ഒഴിവാക്കിയതെന്നും വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു .ഹർത്താലിൽ കർശന സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.അക്രമം നടത്തുന്നവർക്കും ബലമായി കടകൾ അടപ്പിക്കുന്നവർക്കുമെതിരെ അറസ്റ്റും ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.