ഭാര്യയുടേയും മകന്‍റെയും മുന്നിൽ വച്ച് തീക്കൊളുത്തിയ യുവാവ് മരിച്ചു

0

തിരുവനന്തപുരം: വർക്കലയിൽ മകന്റെയും ഭാര്യയുടെയും മുന്നിൽ വെച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് പൊളളലേറ്റ് മരിച്ചത്. ഇയാൾ തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടര മാസമായി ഭാര്യയുമായി അകന്ന് കഴിയുകയാണ് അഹമ്മദലി. ഇന്നലെ ഇലകമൺ കരവാരത്തെ ഭാര്യ വീട്ടിലെത്തിയ ഇയാൾ കയ്യിൽ പെട്രോളും കരുതിയിരുന്നു.

ഇതിന് മുൻപും ഇയാൾ ഭാര്യ വീട്ടിലെത്തുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അഹമ്മദലിയെ കണ്ടയുടൻ ആക്രമണം ഭയന്ന് വീടിനുള്ളിൽ കയറി വാതിൽ അടച്ചുവെന്നാണ് ഇയാളുടെ ഭാര്യാ പിതാവ് പറയുന്നത്. ഇതിനിടെ അഹമ്മദലി തീകൊളുത്തിയിരുന്നു. വീടിന് പുറകിലെ വാതിൽ കൂടി അചട്ട് തിരികെ എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നുവെന്നും ഭാര്യാ പിതാവ് പറയുന്നു. തുടർന്ന് അയൽവാസികൾ ഓടിയെത്തി 90 ശതമാനം പൊള്ളലേറ്റ അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

തിങ്കളാഴ്ച വിദേശത്തേക്ക് പോകാനിരുന്ന അഹമ്മദാലി പോകുന്നതിന് മുൻപ് ഭാര്യയെയും രണ്ട് വയസുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താൻ ഒരു കുപ്പി പെട്രോൾ കയ്യിൽ കരുതിയിട്ടുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.