ഗൂഗിൾ മാപ് സ്ട്രീറ്റ് വ്യൂ , വീട്ടിലിരുന്നു ലോക നഗരങ്ങൾ കാണാം

0

നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കും നിരോധനത്തിനും ശേഷം ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ തിരിച്ചെത്തി.  2016 ൽ ഇന്ത്യയിൽ ഒട്ടാകെ ഈ സംവിധാനം പുറത്തിറക്കാൻ ഒരുങ്ങിയതാണെങ്കിലും , അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 10 നഗരങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. തുടർന്ന് 2022 അവസാനത്തോടെ ഇന്ത്യയിലെ 50 നഗരങ്ങളിൽ ഈ സൗകര്യം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 360 ഡിഗ്രി  ചിത്രങ്ങളുടെ സഹായത്തോടെ ഒരു സ്ഥലത്തെ വീട്ടിലിരുന്ന് തന്നെ വീക്ഷിക്കാൻ കഴിയുന്ന സൗകര്യമാണ് ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ. ഈ സൗകര്യം വരുന്നതോടെ ആളുകൾക്ക് വീട്ടിലിരുന്ന് തന്നെ ഒരു സ്ഥലം എങ്ങനെയാണെന്ന് മനസിലാക്കാൻ കഴിയും. കൂടാതെ ഒരു പ്രദേശത്തെ സ്പീഡ് ലിമിറ്റ്, റോഡിലെ ട്രാഫിക്കും തിരക്കും ഒക്കെ ഗൂഗിൾ മാപ്പിലൂടെ നേരിട്ടറിയാൻ സാധിക്കും. ജെനസിസും ടെക് മഹീന്ദ്രയുമായി ചേർന്നാണ് ഗൂഗിൾ ഈ സൗകര്യം ഇന്ത്യയിൽ എത്തിക്കുന്നത്.  ബംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ, നാസിക്, വഡോദര, അഹമ്മദ്‌നഗർ, അമൃത്‌സർ എന്നീ നഗരങ്ങളിലാണ് ഇപ്പോൾ ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ എത്തുന്നത്. 150,000 കിലോമീറ്റർ റോഡുകൾ ആദ്യ ഘട്ടത്തിൽ ലഭിക്കും.

ഇന്ത്യയിൽ തന്നെയുള്ള ഗൂഗിളിന്റെ പാർട്ണർമാരായിരിക്കും വിവരങ്ങൾ ശേഖരിക്കുക. കൂടാതെ സ്ട്രീറ്റ് വ്യൂ എപിഐ ഡെവലപ്പ് ചെയ്യുന്നതും ഇന്ത്യയിൽ തന്നെയുള്ള ഡെവലപ്പര്മാരായിരിക്കും. ഗൂഗിൾ പുറത്തുവിട്ട വിവിയരങ്ങൾ അനുസരിച്ച് ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂവിനായി ഗൂഗിൾ മൂന്നാം കക്ഷി സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത്  ഇതാദ്യമാണ്. ബുധനാഴ്ച ഡൽഹിയിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ തിരിച്ചെത്തുന്ന വിവരം ഗൂഗിൾ അറിയിച്ചത്. പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഗൂഗിൾ ആദ്യമായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആഗോള തലത്തിൽ അവതരിപ്പിച്ചത്. നിലവിൽ നൂറിലധികം രാജ്യങ്ങളിൽ ഈ സൗകര്യം ഉണ്ട്.

2016 ൽ ഇന്ത്യയിൽ ഈ സൗകര്യം എത്തിക്കാൻ ഒരുങ്ങിയെങ്കിലും സുരക്ഷാ പ്രശ്‍നങ്ങളും ഭീകരവാദ സാധ്യതകലും ചൂണ്ടിക്കാണിച്ച് ഇന്ത്യ അനുമതി നിഷേധിക്കുകയായിരുന്നു. ഇത് വരുന്നതോട് കൂടി ഭീകരവാദ സാധ്യത വർധിക്കുമെന്ന് ഇന്ത്യ അന്ന് ചൂണ്ടി കാണിച്ചിരുന്നു. കൂടാതെ സൈനിക കേന്ദ്രങ്ങളിലും, സുരക്ഷിത കേന്ദ്രങ്ങളിലും സുരക്ഷാ പ്രശ്‍നങ്ങൾ ഉണ്ടാക്കുമെന്നും അന്ന് ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ 2021 ഇന്ത്യ ജിയോസ്‌പേഷ്യൽ നയം പുതുക്കിയതോടെയാണ് ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ കാരണമായത്. ബുധനാഴ്ച മുതൽ തന്നെ സൗകര്യം ലഭിക്കാൻ ആരംഭിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ ബംഗളൂരിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്. ഉടൻ തന്നെ മറ്റ് 9 നഗരങ്ങളിൽ ആരംഭിക്കും

Leave A Reply

Your email address will not be published.