പീഡന കേസുകളില്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നത് കൂടുതല്‍ സ്ത്രീപീഡകന്മാരെ സൃഷ്ടിക്കും’; സിവികിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

0

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി സിവിക് ചന്ദ്രന് നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മ.

സ്ത്രീ- ദളിത് പക്ഷ നിയമങ്ങള്‍ ഈ വിധിയില്‍ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്. വിധിയുടെ പകര്‍പ്പ് കയ്യില്‍ കിട്ടിയതിനു ശേഷം വിശദമായ പ്രതികരണം നടത്തും. സ്ത്രീപീഡന കേസുകളില്‍ ലൈംഗികാക്രമണകാരികളായ പുരുഷന്മാര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തില്‍ കൂടുതല്‍ സ്ത്രീ പീഡകന്മാരെ സൃഷ്ടിക്കാന്‍ കാരണമാകും എന്ന് തങ്ങള്‍ വിലയിരുത്തുന്നുവെന്നും ഐക്യദാര്‍ഢ്യ കൂട്ടായ്മ പറഞ്ഞു.

‘പാര്‍ശ്വവല്‍കൃത ദലിത് സമൂഹത്തില്‍ നിന്നുള്ള അതിജീവിതയ്ക്ക് ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദു:ഖകരമാണ്.
ജില്ലാ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു എന്നത് കൊണ്ട് സിവിക് ചന്ദ്രന്‍ കുറ്റവിമുക്തനാകുന്നില്ല .സാമൂഹിക – സാംസ്‌കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രന്‍ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്ക് വേണ്ടിയുള്ള തുടര്‍ പോരാട്ടത്തിന് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .

അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മയ്ക്ക് വേണ്ടി

കെ. അജിത
സി.എസ്. ചന്ദ്രിക
ബിന്ദു അമ്മിണി
ശ്രീജ നെയ്യാറ്റിന്‍കര
അഡ്വ. കുക്കു ദേവകി
ദീപ പി. മോഹന്‍
എം. സുല്‍ഫത്ത്
ഡോ. ധന്യ മാധവ്,’ ഐക്യദാര്‍ഢ്യ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് ഇന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അധ്യാപികയും യുവ എഴുത്തുകാരിയുമായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വാദം കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു.

സിവിക് ചന്ദ്രനെതിരെ രണ്ടാമതായി മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം.

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിതയായ യുവതിയും കോടതിയെ സമീപിച്ചിരുന്നു. 2021 ഏപ്രിലില്‍ കോഴിക്കോട് കൊയിലാണ്ടിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

 

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

പരാതി നല്‍കി ദിവസങ്ങളോളം കഴിഞ്ഞിട്ടും സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ പോലുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നില്ല എന്ന പരാതിക്കാരിയുടെ ഭാഗത്ത് നിന്നും നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

അതേസമയം, 2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തിന്മേല്‍, സിവിക് ചന്ദ്രനെതിരെ വീണ്ടും കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. യുവ എഴുത്തുകാരി നല്‍കിയ പരാതിയിലായിരുന്നു ഇയാള്‍ക്കെതിരെ രണ്ടാമതും ലൈംഗികപീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave A Reply

Your email address will not be published.