പേരുകൊണ്ട് ആകാശത്താണെങ്കിലും സ്വഭാവത്തില്‍ ഇവന്‍ ഭൂമിയോളം താഴ്ന്നവനാണ്; മനം കവര്‍ന്ന് സൂര്യകുമാര്‍

0

ഇന്ത്യയുടെ ടി-20 ടീമില്‍ ഇപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത പേരുകാരില്‍ പ്രധാനിയാണ് സൂര്യകുമാര്‍ യാദവ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

മധ്യനിരയിലെ വിശ്വസ്തനായിരുന്ന സൂര്യകുമാറിനെ പൊസിഷന്‍ മാറ്റി കളിപ്പിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ പരീക്ഷണത്തിനൊരുങ്ങിയത്. അടുത്ത കാലത്ത് ഇന്ത്യ നടത്തിയ ഏറ്റവും മികച്ച പരീക്ഷണമായിരുന്നു സൂര്യകുമാറിനെ ഓപ്പണിങ്ങിലേക്ക് കയറ്റി കളിപ്പിച്ചത്.കഴിഞ്ഞ ദിവസം, ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം ടി-20യില്‍ സൂര്യകമാര്‍ ആഞ്ഞടിച്ചിരുന്നു. 44 പന്തില്‍ നിന്നും 76 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായാണ് താരം മടങ്ങിയത്.

അഞ്ച് പന്തില്‍ നിന്നും 11 റണ്‍സെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിക്കറ്റ് പുറത്തായപ്പോഴും ഭയമേതും കൂടാതെ സ്‌കൈ അടിച്ചു കളിച്ചു. ആകാശം മുട്ടിയ നാല് സിക്‌സറുകളും എട്ട് ബൗണ്ടറിയുമടക്കം 172.73 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ആറാട്ട്.

സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു ഇന്ത്യ മൂന്നാം ടി-20യില്‍ വിജയം പിടിച്ചെടുത്തത്. വിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യ മറികടന്നത്.

മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ് ആരാധകര്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോ എടുക്കുകും അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബി.സി.സി.ഐയും ഇതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.‘മാച്ച് വിന്നിങ് നോക്ക്, ഹാര്‍ട്ട് വാര്‍മിങ് ജെസ്റ്റര്‍. മത്സരശേഷം സൂര്യകുമാര്‍ ആരാധകരുടെ സപ്പോര്‍ട്ടിന് നന്ദി പറയുന്നു, ടീം ഇന്ത്യ മൂന്നാം ടി-20 ഐ വിജയിച്ചു’ എന്ന ക്യാപ്ഷനോടെയാണ് ബി.സി.സി.ഐ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം മത്സത്തിന് ശേഷം ഐ.സി.സി റാങ്കിങ്ങിലും താരം വമ്പന്‍ കുതിച്ചുചാട്ടം നടത്തിയിരുന്നു. മൂന്ന് റാങ്കുകള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കാണ് സൂര്യകുമാര്‍ പറന്നുകയറിയത്.

ഐ.സി.സി. പുറത്തുവിട്ട പുതുക്കിയ റാങ്കിങ്ങിലാണ് സ്‌കൈ നേട്ടമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് റാങ്കിങ്ങാണിത്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാമന്‍. 818 പോയിന്റുള്ള ബാബറിന്റെ തൊട്ടുപിന്നില്‍ തന്നെ 816 പോയിന്റുമായി സൂര്യയുമുണ്ട്.

മുംബൈ ഇന്ത്യന്‍സില്‍ സൂര്യകുമാറിന്റെ സഹതാരം ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അടുത്ത മികച്ച സ്ഥാനത്തുള്ളത്. 14ാം സ്ഥാനത്താണ് കിഷനുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 16ാം സ്ഥാനത്താണ്. ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് ചിരപ്രതിഷ്ഠ നേടിയിരുന്ന വിരാട് കോഹ്ലി നിലവില്‍ 28ാം സ്ഥാനത്തുമാണ്.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ നാലാം മത്സരം ആഗസ്റ്റ് ആറിന് നടക്കും. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കാണ് വേദി.

ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ ഏകദിന പരമ്പരയ്ക്ക് ശേഷം ടി-20 പരമ്പര നേടാനും ഇന്ത്യയ്ക്കാവും.

Leave A Reply

Your email address will not be published.