രോഹിത് ടീമില്‍ നിന്ന് പുറത്തായാല്‍ ഇവന്‍ ഇന്ത്യയെ നയിക്കും; റിഷബ് പന്തല്ല, ക്യാപ്റ്റനാവുക ഈ സൂപ്പര്‍ താരം

0

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി-20യ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളം വിട്ടിരുന്നു. അഞ്ച് പന്തില്‍ നിന്നും 11 റണ്‍സുമായി മികച്ച ഫോമില്‍ തുടരവെയായിരുന്നു താരത്തിന്റെ പുറത്താവല്‍.

രോഹിത്തിന്റെ പരിക്കിനെ കുറിച്ചോ പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ രോഹിത് കളിക്കുമോ എന്നതിനെ കുറിച്ചൊന്നും കൃത്യമായ ധാരണയില്ല.

അടുത്ത രണ്ട് മത്സരങ്ങളിലും തനിക്ക് കളിക്കാനാവും എന്ന ശുഭാപ്തി വിശ്വാസമാണ് താരം വെച്ചുപുലര്‍ത്തുന്നത്. ഒരുപക്ഷേ രോഹിത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആര് ഇന്ത്യയെ നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

രോഹിത് ശര്‍മയ്ക്ക് പരമ്പരയില്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഹര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുക. പരമ്പരയിലെ ഉപനായകനായ ഹര്‍ദിക്കിനെ തന്നെ ഇന്ത്യയെ നയിക്കാനുള്ള ചുതലയേല്‍പിക്കും.

രോഹിത് ശര്‍മ പരിക്കേറ്റ് പുറത്താവുകയും ഹര്‍ദിക് ടീമിന്റെ നായകനുമാവുകയാണെങ്കില്‍ റിഷബ് പന്ത് പാണ്ഡ്യയുടെ ഡെപ്യൂട്ടിയായെത്തും.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ട് ടി-20യില്‍ മാത്രമാണ് ഇതിന് മുമ്പ് പാണ്ഡ്യ ഇന്ത്യയെ നയിച്ചിട്ടുള്ളത്. രണ്ട് ടി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പര നേടാനും പാണ്ഡ്യയ്ക്കും സംഘത്തിനുമായിട്ടുണ്ട്.

ഐ.പി.എല്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചതിലും ഹര്‍ദിക്കിന്റെ പങ്ക് വളരെ വലുതായിരുന്നു.

നേരത്തെ, വരാനിരിക്കുന്ന രണ്ട് മത്സരത്തിലും രോഹിത് ശര്‍മയെ കളിപ്പിക്കരുതെന്ന ആവശ്യവുമായി മുന്‍ പാക് താരം ഡാനിഷ് കനേരിയ രംഗത്തെത്തിയിരുന്നു.

ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെ ആവശ്യമുണ്ടെന്നും അതിനാല്‍ തന്നെ വിന്‍ഡീസിനെതിരെ ശേഷിക്കുന്ന മത്സരത്തില്‍ അദ്ദേഹം കളിക്കരുതെന്നുമായിരുന്നു കനേരിയ അഭിപ്രായപ്പെട്ടത്.

‘രോഹിത് ആ ഷോട്ട് കളിച്ചപ്പോള്‍ തന്നെ അവന്‍ വേദന കൊണ്ട് പുളയുകയാണെന്ന് എനിക്ക് മനസിലായിരുന്നു. രോഹിത് തന്റെ ഫിറ്റ്നെസ്സില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനിപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും കുഴപ്പമില്ല.

രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക് ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും ആവശ്യമുണ്ട്. ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ രോഹിത്തിന് പകരക്കാരനാവാന്‍ നിരവധി താരങ്ങള്‍ സ്‌ക്വാഡിനൊപ്പമുണ്ട്,’ കനേരിയ പറയുന്നു.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ നാലാം മത്സരം ആഗസ്റ്റ് ആറിനാണ് നടക്കുന്നത്. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന നാലാം ടി-20 മത്സരത്തില്‍ വിജയിക്കാനായാല്‍ ഏകദിന പരമ്പരയ്ക്ക് ശേഷം ടി-20 പരമ്പരയും ഇന്ത്യയ്ക്ക് നേടാനാവും.

Leave A Reply

Your email address will not be published.