തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം; പിന്നില്‍ ചൈനയും റഷ്യയുമെന്ന് തായ്‌വാന്‍

0

തായ്‌പേയ് സിറ്റി: യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

തങ്ങളുടെ വെബ്‌സൈറ്റ് സൈബര്‍ ആക്രമണത്തിന് ഇരയായതായും വെബ്സൈറ്റ് അല്‍പനേരത്തേക്ക് താല്‍ക്കാലികമായി ഓഫ്‌ലൈന്‍ ആയതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ചൈനയുമായുള്ള സംഘര്‍ഷം കൂടിവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടി മറ്റ് അതോറിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തായ്‌വാന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ തായ്‌വാന്റെ പ്രസിഡന്‍ഷ്യല്‍ ഓഫീസിന്റേതുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വിദേശ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. അവയില്‍ ചിലത് പിന്നില്‍ പ്രവര്‍ത്തിച്ചത് ചൈനയും റഷ്യയുമാണെന്നും തായ്‌വാന്‍ അധികൃതര്‍ ആരോപിച്ചു.ഓഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. ചൈനയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായുണ്ടായ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് കൊണ്ടായിരുന്നു പെലോസിയുടെ സന്ദര്‍ശനം.

 

യു.എസിന്റെ യുദ്ധ വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്. ഇതോടെയാണ് പ്രദേശത്ത് സംഘര്‍ഷം കനത്തത്.പെലോസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈന തായ്‌വാനില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. തായ്‌വാനെ ചുറ്റിപ്പറ്റിക്കൊണ്ട് കടലില്‍ ഏറ്റവും വലിയ സൈനിക അഭ്യാസം നടത്താനുള്ള തയാറെടുപ്പിലാണ് ചൈന. വരുന്ന നാല് ദിവസം ഫയര്‍ ഡ്രില്‍ അടക്കമുള്ള മിലിറ്ററി അഭ്യാസം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

റഷ്യയുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും ചൈനക്കുണ്ട്. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ തങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നാണ് ചൈന പ്രതികരിച്ചത്.ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവും.

 

സിംഗപ്പൂര്‍ സന്ദര്‍ശിച്ച ശേഷം ചൊവ്വാഴ്ച തായ്‌വാനിലെത്തിയ യു.എസ് സ്പീക്കര്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ബുധനാഴ്ച തന്നെ തായ്‌വാനില്‍ നിന്ന് തിരിച്ചു.

Leave A Reply

Your email address will not be published.