ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടു

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീഷണി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി കാര്യമായ മഴ പെയ്തില്ലെങ്കിലും രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ കാരണം സംസ്ഥാനത്തെ പല ഡാമുകളും തുറക്കേണ്ട സാഹചര്യമുണ്ട്. മുല്ലപ്പെരിയാര്‍ ഡാമുകള്‍ ഇന്ന് രാവിലെ തുറന്നേക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. പെരിങ്ങല്‍കുത്തില്‍ നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നില്ല. പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. കൊല്ലം തെന്മല ഡാമിന്റെ ഷട്ടര്‍ രാവിലെ 11ന് ഉയര്‍ത്തും. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്കും മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാടന്‍ മേഖയില്‍ വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പിന്നാലെ
കുട്ടനാട്ടില്‍ വിവിധയിടങ്ങളില്‍ സ്റ്റേ ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ പെയ്ത കനത്ത മഴയില്‍ പമ്പാനദി, കക്കാട്ടാറ്, കല്ലാറ് എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട റാന്നി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചപ്പോള്‍ ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലാണ് അവധി നല്‍കിയിട്ടുള്ളത്. ആലപ്പുഴ, പത്തനംതിട്ട , കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

മലപ്പുറം, കാസര്‍കോട് ജില്ലകളിലെ ചില താലുക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഒരു തരത്തിലുമുള്ള അവധി പ്രഖ്യാപിച്ചിട്ടില്ലാത്തത്.

Leave A Reply

Your email address will not be published.