രാജ്യത്ത് ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ കേരളം ഒന്നാമത്, ഗുജറാത്തിലും ഉത്തര്‍പ്രദേശിലും പൂജ്യം

0

ന്യൂദല്‍ഹി: രാജ്യത്ത് ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കേരളമാണെന്ന് രാജ്യസഭയില്‍ അമിത് ഷാ. രാജ്യസഭ സമ്മേളനത്തിനിടെ എം.പിയായ ഡോ. വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര ആബ്യന്ത്ര മന്ത്രിയായ അമിത് ഷാ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അമിത് ഷാ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ 827 എണ്ണവും കേരളത്തിലാണ്. അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണം പൂജ്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

കേരളത്തില്‍ മൊത്തമുള്ളത് 19263 സഹകരണസംഘങ്ങളാണ്. എന്നാല്‍ 2,05,886 സഹകരണ സംഘങ്ങളുമായി ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സഹകരണ മേഖലയുള്ള മഹാരാഷ്ട്രയില്‍ ദളിത് ആദിവാസി മേഖലയില്‍ ഉള്ളത് ഒരു സഹകരണ സംഘം മാത്രമാണെന്നും കണക്കുകളില്‍ പറയുന്നു.

77,550 സഹകരണ സംഘങ്ങളുമായി രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. എന്നാല്‍ ഗുജറാത്തിലും ഏറ്റവും കൂടുതല്‍ ദളിത് ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലും ദളിത് ആദിവാസി മേഖലയില്‍ ഒരു സഹകരണ സംഘം പോലുമില്ല.

ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് മധ്യപ്രദേശാണ്. 247 ദളിത് ആദിവാസി സഹകരണ സംഘങ്ങളാമ് ഇവിടെയുള്ളത്. ഇത് കേരളത്തെ അപേക്ഷിച്ച് നാലിലൊന്നു മാത്രമാണ്.

കേന്ദ്രത്തിലുള്ളത് തൊഴില്‍ നശിപ്പിക്കുന്ന സര്‍ക്കാരാണെന്ന് ഡോ. വി. ശിവദാസന്‍ എം.പി പറഞ്ഞിരുന്നു.

സംഘടിതമേഖലയിലെ തൊഴിലുകള്‍ ഇല്ലായ്മ ചെയ്യുന്ന യൂണിയന്‍ സര്‍ക്കാര്‍ നിലപാട് യുവാക്കളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം 2016 മുതല്‍ ഓരോ വര്‍ഷവും കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2016-2021 കാലയളവില്‍ തന്നെ 2.68 ലക്ഷം കുറഞ്ഞു എന്ന ഞെട്ടിക്കുന്ന കണക്കാണ് യൂണിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

2016-17ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായിരുന്നത് 11.29 ലക്ഷം ജീവനക്കാരായിരുന്നു. എന്നാല്‍ 2021 ല്‍ ഇത് 8.61 ലക്ഷം ആയി ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ 82 ശതമാനം പേരും വേണ്ടത്ര തൊഴില്‍ സുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അഗ്‌നിപഥ് പദ്ധതിയില്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം യുവാക്കളെയും 4 വര്‍ഷത്തെ ജോലിക്ക് ശേഷം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും എന്ന് ഇതിനോടകം തന്നെ യൂണിയന്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ മഹാഭൂരിപക്ഷം പേരും അസംഘടിത മേഖലയെ ആശ്രയിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. ഇത് കടുത്ത അരക്ഷിതാവസ്ഥയാണ് സമൂഹത്തില്‍ സൃഷ്ടിക്കുക.

യൂണിയന്‍ സര്‍ക്കാര്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങളെ ഗൗരവമായി കാണുകയും തങ്ങളുടെ തൊഴില്‍ നശീകരണ നയങ്ങള്‍ തിരുത്തുകയും ചെയ്യണം എന്നും ഡോ. വി. ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.