ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ മുംബൈയിൽ അറസ്റ്റിൽ

0

മുംബൈ:  അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ സലിം ഖുറേഷി അറസ്റ്റിൽ.  സലീം ഖുറേഷിയെ ദേശീയ അന്വേഷണ ഏജൻസി (NIA) മുംബൈയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. സലിം ഫ്രൂട്ട് എന്നപേരിൽ അറിയപ്പെടുന്ന സാലിം ഖുറേഷിയാണ് അറസ്റ്റിലായത്. ഇയാൾ ഛോട്ടാ ഷക്കീലിന്റെ ഭാര്യ സഹോദരനാണ്. മെയ് മാസത്തിൽ മുംബൈയിലും താനെയിലുമായി തീവ്രവാദ വിരുദ്ധ ഏജൻസി നടത്തിയ റെയ്ഡിൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളായ ഇരുപതിലധികം ആളുകളെ കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ എൻഐഎ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

എഫ്ഐആറിൽ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി പറയുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നതിനാണ് ഈ യൂണിറ്റിന്റെ ഉണ്ടാക്കിയതെന്നും എൻഐഎ എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും പാക്കിസ്ഥാനിൽ ഇരുന്ന് ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഛോട്ട ഷക്കീലിന്റെ അനുയായികളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആരിഫ് അബൂബക്കര്‍, ഷക്കീര്‍ അബൂബക്കര്‍ ഷെയ്ഖ് എന്നിവരെയാണ് എന്‍ഐഎ മെയ് മാസത്തിൽ അറസ്റ്റു ചെയ്തത്. പടിഞ്ഞാറന്‍ മുബൈയില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും നടത്തിയെന്ന കുറ്റമാണ് ഇർക്കെതിരെ ചുമത്തിയിരുന്നത്.

ഡി കമ്പനിയുടെ സിഇഒ ആയ ഖുറേഷി സംഘത്തിലെ ഏറ്റവും വിശ്വസ്തരായ ആളുകളിൽ ഒരാളാണ്. മുംബൈ സെൻട്രലിലെ അറബ് ലെയ്നിൽ എംടി അൻസാരി മാർഗിലുള്ള മീർ അപ്പാർട്ട്മെന്റിലാണ് ഖുറേഷിയുടെ താമസം. ദാവൂദ് സംഘത്തിന്റെ കൂട്ടാളിയായ ഖുറേഷി ഛോട്ടാ ഷക്കീലിന്റെ പേരിൽ വൻ തുക തട്ടിയെടുത്തിട്ടുണ്ട്. ഡി കമ്പനിയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തീവ്രവാദ ഫണ്ട് സ്വരൂപിക്കുന്നതിനും നേതൃത്വം നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ഛോട്ടാ ഷക്കീലിനെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ആസ്ഥാനമാക്കി അന്താരാഷ്ട്ര ക്രിമിനല്‍ സിൻഡിക്കേറ്റ് പ്രവര്‍ത്തിപ്പിക്കുന്നതായും അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് വ്യാപാരം, കള്ളക്കടത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഛോട്ടാ ഷക്കീലുള്‍പ്പടെയുള്ള അധോലോക സംഘം നടത്തുന്നതെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.