നവജാത ശിശുക്കൾക്ക് ഏറ്റവും നല്ല ഭക്ഷണവും തീർച്ചയായും ലഭിക്കേണ്ടതുമായ ഒന്നാണ് മുലപ്പാൽ. വിവിധ രോഗങ്ങളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിന് ആവശ്യമായ ആന്റിബോഡികൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആചരിക്കുകയാണ്. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാവൂ. അത് കൊണ്ട് തന്നെ മുലയൂട്ടുന്ന അമ്മമാർ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ധാന്യങ്ങൾ വളരെ പോഷകഗുണമുള്ളതാണ്. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ഉണ്ടാക്കുന്നതിന് സഹായിക്കുന്ന ഹോർമോണുകളെ പിന്തുണയ്ക്കുന്ന ഗുണങ്ങളും ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ കഴിക്കുന്നത് മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കും. ബാർലി, ഓട്സ്, തവിട്ട് അരി എന്നിവ കഴിക്കുന്നത് നല്ലതാണ്. പയറുവർഗ്ഗങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങൾ പോഷകങ്ങൾ നിറഞ്ഞതാണ്. മുലപ്പാൽ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഫൈറ്റോ ഈസ്ട്രജനുകളും അവയിൽ അടങ്ങിയിട്ടുണ്ട്. പെരുംജീരകവും മുലപ്പാൽ വർധിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർധിക്കുന്നതിന് സഹായിക്കും.
മുലയൂട്ടുന്ന അമ്മമാർക്ക് കൂടുതൽ മുലപ്പാൽ ഉണ്ടാക്കാൻ സഹായിക്കുന്ന ഗാലക്റ്റഗോഗ് വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് മുലപ്പാൽ വർധിക്കാൻ സഹായിക്കും. എള്ളിൽ കാൽസ്യം, കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും മികച്ച ആരോഗ്യം നൽകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുലപ്പാൽ വർധിക്കാൻ സഹായിക്കും. ബദാം ആരോഗ്യകരവും പ്രോട്ടീനും കാൽസ്യവും അടങ്ങിയതുമാണ്. മുലയൂട്ടുന്ന അമ്മമാർ ദിവസവും ബദാം ചേർത്ത ബാൽ കുടിക്കുന്നത് ക്ഷീണം അകറ്റാനും മുലപ്പാൽ വർധിക്കാനും സഹായിക്കും.
മുലപ്പാൽ വർധിക്കുന്നതിന് ഉലുവയിട്ട് കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികൾ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും ഈ പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഓട്സ് കഴിക്കുന്നതും മുലപ്പാൽ വർധിക്കാൻ സഹായിക്കും. ഓട്സിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ബീറ്റാ ഗ്ലൂക്കേൻ ആണ് മുലപ്പാൽ വർധിക്കാൻ സഹായിക്കുന്നത്. കറിവേപ്പില കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ധാതുക്കളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കറിവേപ്പില കഴിക്കുന്നത് ഗുണം ചെയ്യും.